മാമ്പഴം (വൈലോപ്പിള്ളിശ്രീധരമേനോൻ)
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
(2)
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
(2)
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
(2)
കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്
**
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല
(2)
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ
മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
(2)
***
തുംഗമാം മീനച്ചൂടാൽ തൈമാവിൻ
മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ
(2)
മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ
(2)
മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട്
പരലോകത്തെ പൂകി
**
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസലീനനായ് അവന്‍ വാഴ്‌കെ
(2)
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
**
തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ
(2)
അയൽപക്കത്തെ കൊച്ചുകുട്ടികള്‍
ഉല്‍സാഹത്തോടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു
(2)
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക
(2)
എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
(2)
വാസന്തമഹോത്സവമാണവർക്ക്
(2)
എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
വാസന്തമഹോത്സവമാണവർക്ക്
എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
**
പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍
(2)
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു
(2)
മന്ദമായ് ഏവം ചൊന്നാൾ
**
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ
(2)
നീരസം ഭാവിച്ച് നീ പോയിതെങ്കിലും
(2)
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ
(2)
വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെന്‍ കണ്ണനേ
തരസാനുകർന്നാലും തായതൻ നൈവേദ്യം നീ
**
ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ്
(2)
അപ്പോള്‍
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
_________________________________________
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
വൈലോപ്പിള്ളി ശ്രീധരമേനോൻ
Hari kn blog
പകലുകള്‍ രാത്രികള്‍-, അയ്യപ്പപ്പണിക്കര്‍
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ
നിന്‍ കണ്ണില്‍ നിറയുന്നു നിബിഡാന്ധകാരം
നിന്‍ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നില്‍ പിറക്കുന്നു രാത്രികള്‍
പകലുകള്‍ നിന്നില്‍ മരിക്കുന്നു സന്ധ്യേ
പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളില്‍
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവില്‍ കിടന്നുവോ നമ്മള്‍
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരില്‍ കഴിഞ്ഞുവോ നമ്മള്‍
വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതന്‍
പിടിയില്‍ നില്‍ക്കുന്നില്ല കാലം
പലതുണ്ട് താരങ്ങള്‍, അവര്‍ നിന്നെ ലാളിച്ചു
പലതും പറഞ്ഞതില്‍ ലഹരിയായ് തീര്‍ന്നുവോ
പറയൂ മനോഹരീ സന്ധ്യേ
അറിയുന്നു ഞാനിന്നു
നിന്റെ വിഷമൂര്‍ച്ഛയില്‍
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെന്‍
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ
ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിന്‍ കാണും
നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ
ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോള്‍
ഇതു കൂടിയൊന്നോര്‍ത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ
എവിടുന്നു വന്നിത്ര കടകയ്പു വായിലെ
ന്നറിയാതുഴന്നു ഞാന്‍ നില്‍ക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ! നിശാഗന്ധി സന്ധ്യേ
ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ
യിനിയും വരൊല്ലേ വരൊല്ലേ
നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!
___________________________________________
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
അയ്യപ്പപ്പണിക്കർ
Hari kn blog
ഓണസ്മൃതികൾ
🌼🌼🌼🌼🌼🌼🌼
പൊന്നോണനാളിൽ
പൊൻകസവുമുണ്ടും -
ധരിച്ചുണ്ണാനിരുന്നു
ഞാൻ പൂമുഖത്ത്.
തൂശനിലയുടെ
പാതിയിലേറെയും
ബഹുവിധ വിഭവങ്ങൾ
കൈയടക്കി.!
പച്ചടി, കിച്ചടി, അവിയൽ,
പുളിങ്കറി,
കൂട്ടുകറി,കുറു-
കാളനുണ്ട്.
അച്ചാറ്, തോരൻ
പിന്നോലനുണ്ട്...
പപ്പടവും പൂവൻ -
പഴവുമുണ്ട്.
ഉപ്പേരിയുണ്ടു -
പ്പിലിട്ടതുണ്ട്
ശർക്കരയുപ്പേരി
വേറെയുണ്ട്.
കുത്തരിച്ചോറും
സാമ്പാറുമുണ്ട്
നെയ്യും പരിപ്പും
രസവുമുണ്ട്.
ഉണ്ടുതീരും മുമ്പെ -
യെത്തീ കൊതിപ്പിക്കും
ഗന്ധവുമായ്
പല പായസങ്ങൾ.!
പാലടപ്രഥമൻ
പഴപ്രഥമൻ
പരിപ്പുപ്രഥമൻ
നല്ലരിപ്പായസം.
ഊണുകഴിഞ്ഞിട്ടൊ-
രേമ്പക്കവും വിട്ട്
ചാരുകസേരയിൽ
ചാഞ്ഞിരുന്ന്.
കാല് കാലിന്മേൽ
കയറ്റിവെച്ച്
ചാനലിലോണം
തിരഞ്ഞിരിക്കെ....!
......... .......... .........
അനുവാദമില്ലാതെ -
യകതാരിൽ കേറിവ -
ന്നഴൽവിങ്ങുമോർമ്മതൻ
പഴയോണനാളുകൾ.
പൂക്കളിറുക്കുവാൻ
പൂവട്ടിയും തൂക്കി
പൂത്തുമ്പിയെ പോൽ
പറന്ന കാലം.
തുമ്പയും തെച്ചിയും
മുക്കുറ്റിയും
ചെമ്പരത്തി പിന്നെ
ചേമന്തിയും.
ഓണപ്പൂവുണ്ട -
രിപ്പൂവുമുണ്ട്
കാക്കപ്പൂവും
തോട്ടക്കരയുമുണ്ട്.
മുറ്റത്ത് പൂക്കള -
മെഴുതുവാനായ്
ആവോളമുണ്ട്
പൂവട്ടി നിറയെ.
ഓലക്കുടിലിൽ -
വറുതിയാണെങ്കിലും
അങ്കണ പൂക്കളം
സമൃദ്ധമാണ്.
അത്തം മുതൽക്കെൻ
കിനാവുകൾക്കന്ന്
കുത്തരിച്ചോറിൻ
സുഗന്ധമാണെങ്കിലും.
ജീവിതമെന്നത്
സ്വപ്നങ്ങളല്ലെന്ന്
കരിപുരണ്ടാ
കഞ്ഞിക്കലം പറഞ്ഞു.
കണ്ണുനീരുപ്പിട്ടാ-
തിരുവോണനാളിലെൻ
അമ്മയൂട്ടിത്തന്ന
കഞ്ഞിയിന്ന്.
ഉള്ളിൽ തികട്ടി
തികട്ടി വരുന്നുണ്ട്
എന്നും തിരുവോണ -
മായൊരീ കാലത്ത്.....!
_____________________________________
സത്യൻ പുളിക്കൽ ..
Hari kn blog
കവിത - കണ്ണട (lyrics )
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ് പായ്‌വ്വതുകാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
മുരുകൻ കാട്ടാകട
സഫലമീയാത്ര - എൻ എൻ കക്കാട്
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.
വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!
ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...?
എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍...
മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..
എവിടെയെന്തോര്‍മ്മകളെന്നോ....
നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ....
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍...
ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!
ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ...!
ഒന്നുമില്ലെന്നോ...!
ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെരിരേല്‍ക്കും....
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ...
കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...
------------------------------------------------
എൻ എൻ കക്കാട്
Hari kn blog
0 Comments