കവിത
ഓണസ്മൃതികൾ
🌼🌼🌼🌼🌼🌼🌼
പൊന്നോണനാളിൽ
പൊൻകസവുമുണ്ടും -
ധരിച്ചുണ്ണാനിരുന്നു
ഞാൻ പൂമുഖത്ത്.
തൂശനിലയുടെ
പാതിയിലേറെയും
ബഹുവിധ വിഭവങ്ങൾ
കൈയടക്കി.!
പച്ചടി, കിച്ചടി, അവിയൽ,
പുളിങ്കറി,
കൂട്ടുകറി,കുറു-
കാളനുണ്ട്.
അച്ചാറ്, തോരൻ
പിന്നോലനുണ്ട്...
പപ്പടവും പൂവൻ -
പഴവുമുണ്ട്.
ഉപ്പേരിയുണ്ടു -
പ്പിലിട്ടതുണ്ട്
ശർക്കരയുപ്പേരി
വേറെയുണ്ട്.
കുത്തരിച്ചോറും
സാമ്പാറുമുണ്ട്
നെയ്യും പരിപ്പും
രസവുമുണ്ട്.
ഉണ്ടുതീരും മുമ്പെ -
യെത്തീ കൊതിപ്പിക്കും
ഗന്ധവുമായ്
പല പായസങ്ങൾ.!
പാലടപ്രഥമൻ
പഴപ്രഥമൻ
പരിപ്പുപ്രഥമൻ
നല്ലരിപ്പായസം.
ഊണുകഴിഞ്ഞിട്ടൊ-
രേമ്പക്കവും വിട്ട്
ചാരുകസേരയിൽ
ചാഞ്ഞിരുന്ന്.
കാല് കാലിന്മേൽ
കയറ്റിവെച്ച്
ചാനലിലോണം
തിരഞ്ഞിരിക്കെ....!
......... .......... .........
അനുവാദമില്ലാതെ -
യകതാരിൽ കേറിവ -
ന്നഴൽവിങ്ങുമോർമ്മതൻ
പഴയോണനാളുകൾ.
പൂക്കളിറുക്കുവാൻ
പൂവട്ടിയും തൂക്കി
പൂത്തുമ്പിയെ പോൽ
പറന്ന കാലം.
തുമ്പയും തെച്ചിയും
മുക്കുറ്റിയും
ചെമ്പരത്തി പിന്നെ
ചേമന്തിയും.
ഓണപ്പൂവുണ്ട -
രിപ്പൂവുമുണ്ട്
കാക്കപ്പൂവും
തോട്ടക്കരയുമുണ്ട്.
മുറ്റത്ത് പൂക്കള -
മെഴുതുവാനായ്
ആവോളമുണ്ട്
പൂവട്ടി നിറയെ.
ഓലക്കുടിലിൽ -
വറുതിയാണെങ്കിലും
അങ്കണ പൂക്കളം
സമൃദ്ധമാണ്.
അത്തം മുതൽക്കെൻ
കിനാവുകൾക്കന്ന്
കുത്തരിച്ചോറിൻ
സുഗന്ധമാണെങ്കിലും.
ജീവിതമെന്നത്
സ്വപ്നങ്ങളല്ലെന്ന്
കരിപുരണ്ടാ
കഞ്ഞിക്കലം പറഞ്ഞു.
കണ്ണുനീരുപ്പിട്ടാ-
തിരുവോണനാളിലെൻ
അമ്മയൂട്ടിത്തന്ന
കഞ്ഞിയിന്ന്.
ഉള്ളിൽ തികട്ടി
തികട്ടി വരുന്നുണ്ട്
എന്നും തിരുവോണ -
മായൊരീ കാലത്ത്.....!
_____________________________________

0 Comments