➡️ ജിമെയിൽ അക്കൗണ്ടുള്ളവർക്കെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഒരു മെസേജ് ലഭിച്ചിട്ടുണ്ടാകും. ഗൂഗിൾ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയിൽ മാറ്റം വരുത്തുന്നതിന്റെ മുന്നറിയിപ്പായിരുന്നു അത്. വായിക്കാതെ ഒഴിവാക്കി വിട്ടേക്കാവുന്ന ഒന്നല്ല, വായിച്ചു മനസ്സിലാക്കേണ്ട നയംമാറ്റമാണത്. ടെക്‌ലോകത്ത് അത്രയേറെ ചർച്ചയാകുന്നതാണ് 2021 ജൂൺ 1 മുതൽ ഗൂഗിൾ കൊണ്ടുവരാനിരിക്കുന്ന ഈ മാറ്റം.
➡️ നിർജീവമായ ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുന്നതും സൗജന്യ സ്റ്റോറേജിനു പരിധി നിശ്ചയിക്കുന്നതും കൂടുതൽ സ്റ്റോറേജിന് പണം നൽകുകയെന്നതും ഉൾപ്പെടെയാണ് ഈ മാറ്റം. ഇന്റർനെറ്റ് ഉപയോഗം വൻതോതിൽ വർധിച്ച ഇക്കാലത്ത് ക്ലൗഡ് സ്റ്റോറേജ് വിപണിയിൽ ലാഭം കൊയ്യാനുള്ള ഗൂഗിളിന്റെ നീക്കമാണിതെന്നും കരുതുന്നവരുണ്ട്. എന്നാൽ സ്റ്റോറേജ് അലക്ഷ്യമായി ഉപയോഗിക്കാതെ കൃത്യമായി ഉപയോഗപ്പെടുത്തുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്യണമെന്ന ഓർമപ്പെടുത്തലാണ് നയംമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഗൂഗിളിന്റെ പക്ഷം.
➡️ എന്താണ് പഴയ നയത്തിൽനിന്നുള്ള മാറ്റം?
ഗൂഗിളില്‍ പുതുതായി അക്കൗണ്ട് ആരംഭിക്കുന്ന ഉപയോക്താവിന് 15 ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസ് കമ്പനി സൗജന്യമായി നൽകിയിരുന്നു. ഒരു ശരാശരി ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം അതു വർഷങ്ങളോളം ഉപയോഗിക്കാവുന്ന സ്റ്റോറേജാണ്. മൈക്രോസോഫ്റ്റ്, ആപ്പിൾ പോലുള്ള മറ്റു ഭീമൻ കമ്പനികള്‍ നൽകുന്നതുമായി താരതമ്യപ്പെടുത്തുമ്പോഴും ഈ സ്റ്റോറേജ് വളരെ വലുതായിരുന്നു. ഉപയോക്താവിന്റെ ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സേവ് ചെയ്യപ്പെടുന്ന വിഡിയോകളും ഫോട്ടോകളും ഡോക്യുമെന്റുകളും ഉൾപ്പെടെയുള്ള ഫയലുകൾ സൂക്ഷിക്കാനാണ് ഈ 15 ജിബി. ഗൂഗിൾ ഡോക്സ്, ഫോംസ്, ഷീറ്റ്സ്, ഡ്രോയിങ്സ്, സ്‌ലൈഡ്സ്, ജാംബോർഡ് എന്നിങ്ങനെ ഒട്ടേറെ സേവനങ്ങളാണ് ഉപയോക്താക്കൾക്കായി സേർച്ച് എൻജിൻ ഭീമന്‍ പല കാലങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഇവയിലെല്ലാം സൃഷ്ടിക്കപ്പെടുന്ന ഫയലുകൾ ഗൂഗിൾ ഡ്രൈവിലേക്കു മാറ്റാനാകും. ഇവയെല്ലാം 15 ജിബി സൗജന്യ സ്റ്റോറേജിലേക്കായിരുന്നു പോയിരുന്നത്.
➡️ എന്തുകൊണ്ട് സൗജന്യം വെട്ടിക്കുറച്ചു?
ഏകദേശം 100 കോടിയിലേറെ ഉപയോക്താക്കളാണ് ഗൂഗിളിന്റെ ഓരോ സേവനങ്ങൾക്കുമുള്ളത്. അവർക്കെല്ലാം സൗജന്യമായി ക്ലൗഡ് സ്റ്റോറേജ് നൽകുകയെന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. ലോക്‌ഡൗണായതിന് പിന്നാലെ ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ വൻതോതിലാണ് ഡേറ്റ വിനിയോഗിക്കപ്പെടുന്നതും. അതിനനുസരിച്ച് ഉപയോക്താക്കൾക്ക് സ്റ്റോറേജ് സ്പേസും വേണ്ടിവരുന്നു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കു മാത്രം പ്രതിദിനം 43 ലക്ഷം ജിബി കണ്ടന്റാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നതെന്നും ഗൂഗിൾ പറയുന്നു. ഈ സാഹചര്യത്തിൽ യഥാർഥ ആവശ്യക്കാർക്ക് മികച്ച രീതിയിൽ സ്റ്റോറേജ് സേവനം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.
➡️ ഗൂഗിള്‍ പിക്സൽ 1–5 സീരീസ് ഫോണുകളുടെ ഉപയോക്താക്കളെ ഈ പുതിയ നയം ബാധിക്കില്ല. അവയിലെ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ ജൂൺ ഒന്നിനു ശേഷവും ചിത്രങ്ങളും വീഡിയോകളും ഉയർന്ന ക്വാളിറ്റിയിൽ അൺലിമിറ്റഡായി സേവ് ചെയ്യാം. ഭൂരിപക്ഷം ഉപയോക്താക്കളെയും പുതിയ നയംമാറ്റം കാര്യമായി ബാധിക്കില്ലെന്നും ഗൂഗിൾ പറയുന്നു. അടുത്ത മൂന്നു വർഷത്തേക്ക് സൗജന്യ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കാനുള്ളത്ര ഫയലുകളേ 80% വരുന്ന ഉപയോക്താക്കളും സൃഷ്ടിക്കുന്നുള്ളൂവെന്നും കമ്പനി വ്യക്തമാക്കുന്നു. ശേഷിക്കുന്ന 20% പേർ മാത്രമാണ് അതിവേഗം 15 ജിബി എന്ന സൗജന്യ സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചു തീര്‍ക്കുന്നുള്ളൂ.
Preview of the Mail
0 Comments